Friday, April 18, 2014

ആദിയിൽ 
നീ പുഴയും ഞാൻ നിലാവുമായിരുന്നു 
നിന്റെ ഓളങ്ങളിൽ 
എന്റെ നിലാമഴ ആഴപ്പരപ്പുകളിലേക്ക് 
പെയ്തിറങ്ങിയിരുന്നു 

കത്തിയമർന്ന മീനച്ചൂടിൽ 
നിനക്ക് എന്റെ 
സിരകളെ കുളിരണിയിക്കുന്ന 
കോടമഞ്ഞാകാൻ കഴിയുമായിരുന്നു

മരം കോച്ചുന്ന
മകര തണുപ്പിൽ
നിനക്ക് ഉഷ്നമാപിനിയാകാനും
കഴിഞ്ഞിരുന്നു..

മഴ നിഴൽ പ്രദേശവും കടന്നു ..
നീയും ഞാനും
ഈ പുഴയിലൂടെ കെട്ടുപിണഞ്ഞു
ചിന്നിച്ചിതറി ഒഴുകുകയാണ് .
നീയും ഞാനും ഏതോ കരയിൽ
അടിയും വരെ.. 
ചൂട് ..
*****
തലക്കുമുകളിൽ കരിന്തിരി പോലെ 
കത്തുന്ന സൂര്യന്റെ മരണച്ചിരി ..
കരിഞ്ഞുണങ്ങി പൊട്ടിയടർന്ന വയലുകൾ...
ഇലകളില്ലാത്ത അസ്ഥി മരങ്ങൾ ..
കരിഞ്ഞുങ്ങിയ പുൽനാമ്പുകൾ ..
കരി പൊടി പടലങ്ങളിലെ 
നഗര വാണിഭ കവലകൾ ..
ശരീരവും വസ്ത്രവും ഒന്നാക്കിയ 
വിയർപ്പുചാലുകൾ .. 

മലകളെ മണ്ണാക്കിയപ്പോൾ
പുഴകളെ വ്യഭിച്ചരിച്ചപ്പോൾ ..
വയലുകളെ വിറ്റു തുലച്ചപ്പോൾ
വനങ്ങളെ മരുഭൂമിയാക്കിയപ്പോൾ..
മറ്റൊരു തീക്കാലം
പ്രതീക്ഷിച്ചു കാണില്ല

തെരുവ് പാതയോരത്തെ
അവശേഷിക്കുന്ന പച്ചപ്പിനടിയിലെ
കുലുക്കി സർബ്ബതിനും
വിഷ കരിക്കിനും ...
തണ്ണി മത്തനും..
എത്ര നാൾ ഊന്നുവടികളാകും ?
യാത്ര
*********
ഓർമയുടെ മഴക്കാടുകൾ താണ്ടി ....
ബാല്യത്തിന്റെ സ്വപ്നകാലത്തിലേക്ക് ഒരു യാത്ര പോകണം...
കളിവഞ്ചിയിൽ, കടിച്ചു വേദനിപ്പിച്ച പുളിയുറുമ്പുകളെ
ചെരുതോട്ടിലൂടെ യാത്രയാക്കണം...
ചിനച്ച മൂവാണ്ടന്റെ ചുണ്ടിൽ കടിച്ചു...
പുളിയുടെ നവരസങ്ങളാൽ കൂട്ടരുടെ നാവിൽ വെള്ളമൂറിക്കണം ...
മാനം കാണാതെ എന്റെ മയിൽ‌പ്പീലി തുണ്ടിനെ
പഴമയുടെ പുസ്തകതാളിൽ ഒളിപ്പിക്കണം ...
പച്ച മഷിതണ്ടോടിക്കണം , പിന്നെ
ഞാറപ്പഴം തിന്നു നീല നാക്കിനാൽ
കുഞ്ഞു കിടാങ്ങളെ പേടിച്ചകറ്റണം
ഉടഞ്ഞ കുപ്പിവളപ്പൊട്ടുകൾ...
ചെറു ചെപ്പിലാക്കി നിനക്ക് സമ്മാനമായ് നല്കണം....
ഗ്രാമപ്പുഴയിലെ ചെരുകടവിൽ തണുത്ത
ഓളത്തിനോടൊത്ത് മുങ്ങിനിവരണം ....
അരയാലില പെറുക്കണം, അമ്പലമാവിൽ
കല്ലെറിയണം. ആഞ്ഞിലിക്കുരു വറുക്കണം
ആരും കാണാതെ മാന്തോടിയിൽ വച്ച്...
നിന്റെ നുണക്കുഴികളിൽ മുത്തം പകരണം...
കുമ്മാട്ടിയുടെ കളിപ്പാട്ടങ്ങൾക്ക് പിറകെ
കൂട്ടരോടൊത്തു ഭ്രാന്തമായ് ഓടണം ...
ഇനിയൊരു ജന്മമുണ്ടെങ്കിൽ ...
ഇനിയും തിരിച്ചു കിട്ടാത്ത ബാല്യത്തിലേക്ക്
മടക്കമില്ലാത്ത യാത്ര പോകണം...
 —
നിനക്കെന്തിനാണ് 
**************

നിനക്കെന്തിനാണ് 
എന്റെ പഴമയുടെ പരിഭവക്കെട്ടും ..
ചാന്തും കണ്മഷിയും 
നിറം മങ്ങിയ മയിൽപ്പീലിയും 
വാടിയ മുല്ലപ്പൂമാലയും ...
കുന്നി മണികളും 

നിനക്കെന്തിനാണ്
ഉടഞ്ഞ കുപ്പിവളപ്പൊട്ടുകളും
കടിച്ചെറിഞ്ഞ കണ്ണിമാങ്ങയും
മുക്കൂറ്റിപ്പൂവും കളിപ്പന്തും
കാട്ടു തുളസിയും

നിനക്കെന്തിനാണ് ..
കടം കൊണ്ട ചെപ്പും
ചാറ്റൽ മഴയും ഋതു ഭേദങ്ങളും
ചരട് പൊട്ടിയ പട്ടവും ,
വാടിയ മഷിതണ്ടും മഞ്ഞുതുള്ളിയും

നിനക്കെന്തിനാണ്
നാരിളകിയ കിളിക്കൂടും
കടലാസ് വഞ്ചിയും ..
മറന്ന ദുസ്വപ്നങ്ങളും ..
ഭൂതകാലവും ??

നിനക്കും എനിക്കും
നിറം മങ്ങാത്ത സ്വപ്‌നങ്ങൾ മതി...
നിലാമഴ മതി...
അതിൽ നനഞ്ഞ് നീയും
ഞാനും ..
അരുളപ്പാടുകൾ 
******************
ശിവദാസ്‌ സി കെ 

എൻഡോ സൾഫാൻ 
ഒരു ദിവ്യ ഔഷധമാണ് ...
വലിയ ശിരസ്സുള്ള.. തുറിച്ച കണ്ണുകളുള്ള 
എല്ലുന്തിയ വയറുള്ള , കണ്ണിന് 
കണിയൊരുക്കുന്ന സുന്ദര രൂപങ്ങളെ 
സൃഷ്ടിക്കുന്ന മൃത സഞ്ജീവനി 

കാതികൂടം
ഒരു ജനതയെ ..
കൂട്ടമായി വിഷ്നുപദം പൂകിക്കാനായ്
ഭരണകൂടം ഒരുക്കിവച്ച
മോക്ഷ മാർഗമാണ് ..


പ്ലാച്ചിമട
പെറ്റിട്ട ഭ്രൂണ പാത്രത്തിന്റെ ഉടമക്ക്
ദാഹജലം നൽകാത്തവർക്കുള്ള ..
കളിസ്ഥലവും

വിളപ്പിൽശാല
നഗരത്തിന്റെ വിഴുപ്പ് ചുമക്കാൻ
വിധിക്കപ്പെട്ടവന്റെ ഗ്രാമീണന്റെ
പുണ്യ ഭൂമിയാണ്‌

ഗാഡ് ഗിൽ
സാത്താന്റെ ബൈബിൾ ആണത്രെ
പാതിരിമാർ മലയോര മക്കൾക്ക്
നൽകിയ സുവിശേഷമാണത് ..

ഇവിടം സ്വർഗമാണ് ...
ഏവരും പുണ്യ ജന്മങ്ങൾ ......
നിസ്സഹായർ 
***************
ശിവദാസ്‌ സി കെ 

ചൂണ്ടു വിരലിൽ പുരട്ടിയ 
നീലവിഷം 
പാമ്പിനാണ് പാലുകൊടുക്കുന്നത് 
എന്നറിഞ്ഞിട്ടും 

കാൽ നട ജാഥകളിൽ
പൊള്ളിയടർന്ന ആണിക്കാലും
തേഞ്ഞ വള്ളി ചെരുപ്പും
ചിന്തിയ ചോര വിയർപ്പും
മുൻവരിയിലെ ക്യാമറചിരികളിൽ
അലിഞ്ഞില്ലതാകുമെന്നറിഞ്ഞിട്ടും ...

ലാത്തിയുടെ ചുംബനവും
ജല പീരങ്കിയും ..
മുദ്രാവാക്യത്തിന്റെ തീ ശബ്ദത്തിൽ
കൊടി പിടിച്ച പട്ടിണി കൈകളിൽ
ആവേശമായി വിതക്കുന്നത്
ശീതികരിച്ച സോമരസശാലയിലെ
വിഡ്ഢിപ്പെട്ടിയിൽ കണ്ടാസ്വദിക്കുമെന്നറിഞ്ഞിട്ടും

കഞ്ഞിപ്പശ തേച്ച വസ്ത്രമുള്ളവന്റെ
കീശയും ഉദരവും നിറയ്ക്കാൻ
കരിവെയിലിൽ മൈദപ്പശകൊണ്ട് ..
പോസ്റ്റർ ഒട്ടിക്കുന്ന
ബീഡി മാത്രം ഭക്ഷിക്കുന്നവനെ
കാണാതെ പൊകുമെന്നറിഞ്ഞിട്ടും ..

സ്വപ്നങ്ങൾ ഒന്നും വേണ്ട..
മോഹന വാഗ്ദാനങ്ങളും ,
വിശപ്പടക്കാൻ ഒരു പിടിയരി
ഒരു കുമ്പിൾ ശുദ്ധജലം ..
അതെങ്കിലും ?
പ്രണാമം 
************
നീർമാതള പൂക്കളെ 
സ്നേഹിച്ച ഒരു രാജകുമാരിയുണ്ടായിരുന്നു 
വാക്കുകളിലും കണ്ണുകളിലും 
പ്രണയം തുറന്നിട്ട് 
അഗ്നിച്ചിറകടിച്ചുയർന്ന 
നിത്യ പ്രണയിനി ....

മറ്റൊരാൾ സുൽത്താനായിരുന്നു ..
അനുഭവങ്ങളുടെ , സൂഫിസത്തിന്റെ
തീച്ചൂളയിൽ വാർത്തെടുത്ത ..
വായിച്ചാലും മടുക്കാത്ത
അക്ഷരങ്ങളുടെ ബേപ്പൂർ സുൽത്താൻ

ഇനിയൊരാൾ ഇതിഹാസമായിരുന്നു
രവിയും അപ്പുക്കിളിയും
മൈമൂനയും ഏകാധ്യാപക വിദ്യാലയവും
ഇടനെഞ്ചിൽ കൊത്തിവച്ച
ഖസാക്കിന്റെ ഇതിഹാസ പുത്രൻ

ഇനിയൊരാൾ
കിരീടം വയ്ക്കാത്ത രാജാവായിരുന്നു
മുറിബീഡിയും അണമുറിയാത്ത
വാക്കുകളുമായി നിളയെ സ്നേഹിച്ച
നാലുകെട്ടിന്റെ മഹാശില്പ്പി ..

പ്രണയം സുഖമുള്ള നോവാണെന്നു
രക്തചിത്രം വരച്ചുകാട്ടിയ
കാല്പനികമായ തീവ്ര
പ്രണയത്തിന്റെ ബലിക്കല്ലിൽ
രക്തസാക്ഷികളായ
ഇടപ്പിള്ളിയുടെ ഇരട്ടപുത്രന്മാർ ..

ഇവരെ നൊന്തു പെറ്റു
അക്ഷരങ്ങളുടെ അമ്മിഞ്ഞപ്പാൽ
നുകർന്ന് നല്കിയ അമ്മേ
മലയാളമേ...
പ്രണാമം ......
ഡിങ്കോൾഫിക്കേഷൻ 
****************

ശബ്ദ താരാവാലിയും ആംഗലേയവും 
പൈത്രിക ക്ലാസ്സിക്കുകളും 
പിതൃ ശൂന്യനെന്നു പട്ടം നല്കി 
തീണ്ടാപ്പാടകലെ തെമ്മാടിക്കുഴിയിൽ 
അടക്കം ചെയ്‌ത ഒരു പാവം ശൂദ്രൻ 

ബസ്‌ സ്റ്റോപ്പിൽ 
നവ മുകുളങ്ങൾ കണ്ണുകള്‍ കൊണ്ട്
കഥ പറഞ്ഞപ്പോളും


നഗരത്തിലെ പാർക്കിൽ
യുവ മിഥുനങ്ങൾ
കണ്ണടച്ച് ഇരുട്ടാക്കി വൃന്ദാവനം
സൃഷ്ടിച്ചപ്പോളും ...

അമ്പല നടയിലും, ആൽത്തറക്കരികിലും
പെരുന്നാൾ പ്രദക്ഷിണത്തിനും,
തെരുവു വാണിഭ കവലയിലും
മരണ വീട്ടിലും , കലാലയ ഇടനാഴികളിലും
അവർ കണ്ണുകളാൽ
പ്രണയത്തിന്റെ പുഞ്ചിരി കൈമാറിയപ്പോഴും
സദാചാര വാദികൾ
എന്റെ പേരിട്ടു വിളിച്ചു ..

ഒരു മനമാകാൻ പ്രതിജ്ഞ ചെയ്തുവർ
മോതിരങ്ങളെ കൈമാറുമ്പോൾ
കണ്ടു നിന്നവർ മൊഴിഞ്ഞു
രണ്ടു പേരും തമ്മിൽ നല്ല
'ഞാൻ' ആണെന്ന് ..

സർവകലാശാലയുടെ
വെബ്‌ സൈറ്റിൽ പരീക്ഷാ ഫലത്തിനായി
ഇല്ലാത്ത നമ്പർ തിരയുമ്പോഴും
അലസന്മാരുടെ കളിയെ
വിഡ്ഢി പെട്ടിക്ക് മുന്നിൽ
മഴ കീഴടക്കിയപ്പോഴും
നിരാശയോടെ നിങ്ങൾ പറഞ്ഞു
ഇത് വല്ലാത്ത 'ഞാൻ ' ആയിപ്പോയെന്നു

ആരാണ് ഞാൻ ?
ഒരു പാവം 'ഞാൻ' ...
പ്രത്യയ ശാസ്ത്രം *******************
കറുത്ത നിറമുള്ള കിടാത്തികളുടെ 
ഒറ്റമുണ്ട് ഊരിയെറിഞ്ഞു 
കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച 
ജന്മികളുടെ ബീജപാത്രം ..
മുറിച്ചെറിഞ്ഞത് സഖാക്കളുടെ 
പ്രത്യശാസ്ത്രമായിരുന്നു 

സവർണ ബിംബങ്ങളുടെ മുഖത്തടിച്ചു ..
ക്ഷേത്രമണി മുഴക്കിയത് ..
സർപ്പ ദംശനമേറ്റ സഖാവിന്റെ
പ്രത്യയശാസ്ത്രമായിരുന്നു

മണ്ണിൽ കുത്തിയ കുഴി മൂടി
ദളിതൻ കുത്തരിചോറി ന്റെ
കഞ്ഞി രുചിച്ചത് ..
പൂനൂൽ പൊട്ടിയടർത്തിയ
നമ്പൂതിരിയുടെ പ്രത്യശാസ്ത്രമായിരുന്നു ..

അൻപത്തൊന്നു വെട്ടുകളുടെ
വാൾ തലപ്പുകൾക്ക്
ഏത് വിപ്ലവത്തിന്റെ പ്രത്യശാസ്ത്രമാണ്
കുട പിടിച്ചത് ?